2016 ഏപ്രിൽ 16, ശനിയാഴ്‌ച

​​
​​

തീരം തേടി


കൊതി തോന്നുന്നകലെയാ- തീരത്തടുക്കുവാന്‍
മരണമാം തോണിയിനിയെന്നു വരും.                             
തോണിയിലേറി ഞാന്‍ മുന്നോട്ടു 
പോകുമ്പോള്‍ വഴി -                                               
കാട്ടിയാവുന്നതാരാണാവോ?     
                 
സ്വപ്നവും ദുഃഖവും അന്യമാകുന്നൊരാ,              
ശാന്തിതന്‍ തീരത്തണഞ്ഞീടുമ്പോള്‍,              
ബന്ധങ്ങളെന്ന ബന്ധനങ്ങള്‍ക്കുള്ളില്‍        
ബന്ധിയായ് മാറിയ കാലങ്ങളിലണിഞ്ഞു-       
നടന്നൊരു മുഖംമൂടി വലിച്ചെറിഞ്ഞൊന്നു-
റക്കെചിരിക്കേണം കാപട്യമില്ലാതെ.  
                        
നേട്ടങ്ങള്‍ കൂട്ടുവാന്‍ പായുന്ന
ജീവിതങ്ങള്‍ക്കു നടുവിലൊരു
ജീവിതമസാധ്യമെന്നറിയുന്നു                            
കത്തിജ്വലിക്കുന്ന സ്വാര്‍ഥമാം
തീയിലകപ്പെട്ടമൂല്യമാം സ്നേഹവും                    
എരിഞ്ഞു തീര്‍ന്നീടുമ്പോള്‍,                             
പറയാതെ പോയൊരാ വാക്കുകള്‍ തന്‍
വിങ്ങല്‍ മായാതെമനസ്സില്‍ നിറഞ്ഞീടുമ്പോള്‍,
പാപുണ്യത്തെന്റെ ഭാണ്ഡവും പേറിഞാന്‍
യാത്രയ്ക്കൊരുങ്ങുന്ന നിമിഷങ്ങളില്‍
മിഴിനീരണിയുന്ന മിഴികളെ 
അറിയുക ആഹ്ലാദ തിരമാലതന്‍ 
വേലിയേറ്റമാണെന്നിലപ്പോള്‍.                        

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ